കോട്ടയം: കൊറോണക്കാലത്ത് ഗിരിജയ്ക്കും സോമനും ഇരട്ടി മധുരവുമായ് അവരെത്തി. 51-ാം വയസ്സില്‍ ഗിരിജ സിസേറിയനിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായി. പെസഹാ വ്യാഴാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു, കാലത്തെ തോല്‍പ്പിച്ച ഗിരിജയുടെ പ്രസവം. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയത് ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും. ഗിരിജയുടെ പ്രായവും ആരോഗ്യവും ഒന്നും പ്രശ്‌നമായില്ല. സാധാരണ വളര്‍ച്ചയുള്ള ആരോഗ്യമുള്ള കുഞ്ഞുങ്ങളാണ് ഇരുവരും. ആറ്റുനോറ്റിരുന്ന കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാനായിട്ടില്ലെങ്കിലും 55-കാരനായ സോമന്‍ പ്രസവ വാർഡിന്റെ വിളിപ്പുറത്ത് പ്രാര്‍ഥനയോടെ കാത്തിരിപ്പുണ്ട്. ലോക് ഡൗണ്‍ കാലമായതിനാല്‍ ഉറ്റ ബന്ധുക്കള്‍ക്ക് സന്തോഷത്തില്‍ പങ്കുചേരാന്‍ ഓടിവരാനാവാത്തതിന്റെ സങ്കടംമാത്രം ബാക്കി. തൊടുപുഴ മണക്കാട് സ്വദേശിയായ ഗിരിജയും മുതലക്കുളം കൊതകുത്തി സ്വദേശി സോമനും വിവാഹിതരായിട്ട് 30 വര്‍ഷം. കാണാത്ത ഡോക്ടര്‍മാരില്ല, വിളിക്കാത്ത ദൈവങ്ങളില്ല. കൂലിപ്പണിക്കാരനാണ് സോമന്‍. കിട്ടിയ പൈസ മുഴുവന്‍ ഒരു കുഞ്ഞിക്കാല് കാണാനുള്ള ചികിത്സകള്‍ക്കായി സോമന്‍ മാറ്റിവെച്ചു. ഒരു വര്‍ഷമായി ചങ്ങനാശ്ശേരിയിലെ എബ്രഹാം ഇൻഫെർട്ടിലിറ്റി ക്ലിനിക് ലെ സാം ഡോക്‌ടറുടെ ചികിത്സയിലായിരുന്നു. ഗിരിജ ഗര്‍ഭിണിയായതോടെ ഏറെ ശ്രദ്ധവേണ്ടിവന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സ മാറ്റിയതോടെ താമസിക്കാന്‍ ഒരിടം തേടി വലഞ്ഞു. സ്ത്രീസംരക്ഷണകേന്ദ്രമായ ഗാന്ധിനഗറിലെ സാന്ത്വനമാണ് തുണയായത്. ഇവിടെ നാലുമാസം ബെഡ്‌റസ്റ്റിലായിരുന്നു ഗിരിജ. ഗിരിജയുടെ അമ്മ ഒപ്പംനിന്നു. സോമന്‍ നാട്ടില്‍നിന്നു ഇടയ്ക്കിടെ ഓടിയെത്തി വേണ്ടതെല്ലാം വാങ്ങിനല്‍കി മടങ്ങും. സിസേറിയന്‍ നിര്‍ദേശിച്ചതോടെ രക്തം വേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചതോടെ സോമന്‍ നെട്ടോട്ടമായി. ലോക് ഡൗണ്‍ ആയതിനാല്‍ നാട്ടില്‍നിന്ന് ആളെ കൊണ്ടുവരാന്‍ കഴിയാതായി. രക്തദാതാക്കളുടെ ആഗോള സംഘടനയായ വേള്‍ഡ് ബ്‌ളഡ് ബാങ്ക് ഡോട്ട് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍, കോട്ടയത്തെ റേ മാത്യു വര്‍ഗീസ് ആണ് ഒടുവില്‍ സഹായത്തിനെത്തിയത്. അടിയന്തര ഘട്ടമായതിനാല്‍ റേയുടെ മകന്‍ റിച്ചാര്‍ഡ് റേയും സുഹൃത്ത് സോജിയും വ്യാഴാഴ്ച മെഡിക്കല്‍ കോളേജിലേക്ക് ഓടിയെത്തി രക്തം നല്‍കി. ഗിരിജ ഒബ്‌സര്‍വേഷനിലാണ്, പുറത്തിറക്കിയിട്ടില്ല. അമ്മ ലക്ഷ്മിക്കുട്ടിയാണ് കുഞ്ഞുങ്ങളെ പരിചരിച്ച് ഒപ്പമുള്ളത്. ആശുപത്രി വിടാന്‍ ലോക്ഡൗണ്‍ സാഹചര്യത്തില്‍ ദിവസങ്ങളെടുത്തേക്കും.